01:43pm 18 August 2026
NEWS
ഹരിപ്പാട്ടെ പതിമൂന്നുകാരി ബന്ധുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് ഐഫോൺ വാങ്ങാൻ; പ്രതിഫലം ഉപയോ​ഗിച്ച് ബൈക്ക് വാങ്ങാൻ കുട്ടിക്കുറ്റവാളികളും; ശിവൻകുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
18/08/2026  11:22 AM IST
nila
ഹരിപ്പാട്ടെ പതിമൂന്നുകാരി ബന്ധുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് ഐഫോൺ വാങ്ങാൻ; പ്രതിഫലം ഉപയോ​ഗിച്ച് ബൈക്ക് വാങ്ങാൻ കുട്ടിക്കുറ്റവാളികളും; ശിവൻകുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വീട്ടിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടി (65)യുടെ ബന്ധുവായ 13-കാരിയടക്കം നാല് പ്രായപൂർത്തിയാകാത്തവരാണ് കേസിൽ അറസ്റ്റിലായത്. പെൺകുട്ടി നൽകിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്ന് പേർ ഏറ്റെടുത്തതായാണ് പോലീസിന്റെ കണ്ടെത്തൽ.

കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ കവർന്നതായും പോലീസ് പറയുന്നു. മോഷണത്തിനിടെ ശിവൻകുട്ടി ചെറുത്തതിനെ തുടർന്നാണോ കൊലപാതകം നടന്നതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതികൾ വീഡിയോ കോളിലൂടെ 13-കാരിയെ കാണിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

കവർന്ന സ്വർണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് ശിവൻകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്.

കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തുണി മുറുക്കിയതിന്റെ പാടുകളുമുണ്ടായിരുന്നു. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായും സൂചന ലഭിച്ചിരുന്നു.

കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകവീട്ടിലായിരുന്നു ശിവൻകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. മകൾ ശ്രീകല പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ വിദ്യാർഥിനിയായ ചെറുമകൾ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു താമസം.

വീട്ടിൽനിന്ന് ആറുപവനോളം സ്വർണം നഷ്ടപ്പെട്ടതായി ബന്ധുക്കൾ ആദ്യം പോലീസിനെ അറിയിച്ചിരുന്നു. വീടിനുള്ളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകൾ കുത്തിത്തുറന്ന നിലയിലും കണ്ടെത്തി. വീട്ടിലെ തുണി ഉപയോഗിച്ചാണ് ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഒറ്റപ്പെട്ട പ്രദേശത്താണ് സംഭവം നടന്ന വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുൻവശത്ത് പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുറത്തുനിന്നുള്ളവർക്ക് കാര്യമായ ശ്രദ്ധ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പോലീസ് നായ പരിശോധനയ്ക്കിടെ ആദ്യം ഓടിയെത്തിയത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കായിരുന്നു. ഇതോടെ നിർമാണവുമായി ബന്ധപ്പെട്ടവരെയും ശിവൻകുട്ടിയുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്തു.

കൊലപാതകത്തിന് ശേഷം പ്രതികൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ മുളകുപൊടി വിതറിയതായും കണ്ടെത്തി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന മുളകുപൊടിയാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്.

കൊല്ലം സ്വദേശികളായ ശിവൻകുട്ടിയും കുടുംബവും ഏകദേശം രണ്ട് വർഷം മുൻപാണ് കരുവാറ്റയിൽ താമസം തുടങ്ങിയത്. വാടകവീടിന് സമീപം രണ്ടു പെൺമക്കൾക്കായി വീടുകൾ നിർമിച്ചുവരികയായിരുന്നു. ഇതിൽ ഒരു വീടിന്റെ നിർമാണം പൂർത്തിയാകാറായിട്ടുണ്ട്. രണ്ടാമത്തെ വീടിന്റെ നിർമാണമാണ് പുരോഗമിച്ചിരുന്നത്.

ശിവൻകുട്ടിക്ക് മൂന്ന് മക്കളാണുള്ളത്. മകൻ നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകൾ ശശികല വിദേശത്താണ്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര, എസ്.പി. ടി.കെ. വിഷ്ണുപ്രദീപ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും മണിക്കൂറുകളോളം തെളിവുകൾ ശേഖരിച്ചു. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img